Travelogue


Read More
19
Jun

Andaman Radhanagar Beach

 

ആന്‍ഡമാനിലെ രാധനഗര്‍ ബീച്ചാണ് ലോക സഞ്ചാരികള്‍ക്കിടയിലെ ഇഷ്ടയിടമായി മാറികൊണ്ടിരിക്കുന്നത്.
ഏഷ്യയിലെ ഏറ്റവും മികച്ച ‌ബീച്ചും ലോകത്തിലെ മികച്ച ബീച്ചുകളില്‍ ഒന്നായി സഞ്ചാരികൾ പരിഗണിക്കുന്ന ഈ ബീച്ച് സ്ഥിതിചെയ്യുന്നത് ആന്‍ഡമാനിലെ ഹാവ് ലോക്ക് ദ്വീപിലാണ്.ഈ അടുത്തകാലത്ത് കേന്ദ്ര സർക്കാർ ഹാവ് ലോക്കിനെ സ്വരാജ് ഐലന്റെന്ന് പുനർനാമകരണംചെയ്തിട്ടുണ്ട്.
രാധനഗർ ബീച്ചിലെ വൻമരങ്ങൾ ബീച്ചിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ആഴം 
കുറഞ്ഞ കടലിന്റെ നിറം ആരെയും ആകർഷിക്കുന്നതാണ്. ശരിക്കും സ്ഫടികജലപ്പരപ്പ്!!. മണലിന്റെ വെണ്മയും ജലത്തിന്റെ സുതാര്യതയുമാണ് രാധാനഗർ ബീച്ചുകളുടെ ആകര്‍ഷണീയത...

copied from facebook. Credit to Shinith Pattiam.

Posted by : Anish


  • 0

  • Review(s)

  • Last Reviewed :

  • __

  • ___

  • ____

Read More
06
Jul

ഭൂതത്താൻകെട്ട് - ഭൂതങ്ങൾ കെട്ടിയ കെട്ടിയ ഡാം

അതാണ് ഭൂതത്താൻകെട്ട്  ഡാം . എറണാകുളം  ജില്ലയിൽ , കോതമംഗലത്തു നിന്ന് 10km  മാറിയാണ് ഭൂതത്താൻകെട്ട് സ്ഥിതി ചെയ്യുന്നത് .ഈ ഡാമിനെയും പരിസരത്തെയും പറ്റി ചൊല്ലി കേട്ട കഥകളിൽ ഒന്നാണ്, ഇത് പണിതത് മനുഷ്യനല്ല  എന്നത്. ഈ ഡാമിൻെറ  വശങ്ങളിൽ  സ്ഥാപിച്ചിട്ടുള പല  രൂപത്തിലും വലുപ്പത്തിലും ഉള്ള കല്ലുകളും അതിൻ്റെ നിർമ്മാണരീതിയും ആണ് ഈ ഐതിഹ്യത്തിനു പിന്നിൽ. ഐതിഹ്യം  എന്തായാലും പ്രകൃതിയും, മനുഷ്യനും, ഭൂതങ്ങളും ചേർന്ന് നമുക്കായി ഒരുക്കി വച്ചിരിക്കുന്നത് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകളാണ്.  

Posted by : Anish


  • 0

  • Review(s)

  • Last Reviewed :

  • __

  • ___

  • ____

Read More
07
Jun

KTDC Lake Palace

എടപ്പാളയം കൊട്ടാരം

അങ്ങനെയൊരു കൊട്ടാരത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? തിരുവിതാംകൂർ രാജവംശത്തിന്റെ സമ്മർ പാലസ് എന്നറിയപ്പെട്ടിരുന്ന എടപ്പാളയം കൊട്ടാരം ഇന്ന് ഏതൊരു സാധാരണക്കാരനും താമസിക്കാൻ ഉതകുന്ന രീതിയിൽ ഉള്ള ഒരു കിടിലൻ റിസോർട്ട് ആണ്. 1927 ൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ഈ കൊട്ടാരത്തിന്റെ പണി പൂർത്തിയാകുന്നത്. മുൻപിൽ വരാന്തയും, ഡൈനിങ്ങ് റൂമും, രണ്ടു കിടപ്പു മുറികളും അടുക്കളയും ഒക്കെ കൂടിയ ചെറിയ അതിഥി മന്ദിരം ആയിരുന്നു ഇത്. മൂന്ന് വശങ്ങളിലും ഡാമിലെ വെള്ളത്താൽ ചുറ്റപ്പെട്ട്, പിന്നിലേക്ക് വനത്തോട് ചേർന്ന് അതിർത്തി പങ്കിടുന്ന ചെറിയ ഒരു കുന്നിനു മുകളിൽ ആണ് ഈ കൊട്ടാരം. കൊട്ടാരത്തിന്റെ മുറ്റത്തു നിന്നാൽ, തൊട്ടു മുന്നിലെ സമതല പ്രദേശത്തോടു ചേർന്ന്, വെള്ളം കുടിക്കാനും, പുല്ലു തിന്നാനുമായി വരുന്ന മൃഗങ്ങളെ കാണാനും സാധിക്കും. ഇന്നീ കൊട്ടാരം കേരളം ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കൈവശം ആണ്. ഇതൊരു റിസോർട്ട് ആയി മാറ്റിയപ്പോൾ അവർ നാല് മുറികൾ കൂടി ഇവിടെ കൂട്ടിച്ചേർത്തു. മൂന്നു നേരത്തെ ഭക്ഷണം ഉൾപ്പെടെ ആണ് ഇവിടുത്തെ താമസം ലഭിക്കുക. ഇവിടെ താമസം ബുക്ക് ചെയ്യുന്ന ഏതൊരാൾക്കും കെടിഡിസിയുടെ വക ഒരു സൗജന്യ ബോട്ടിങ്ങും ലഭിക്കും. മുൻപൊക്കെ നമ്മുടെ വാഹനവുമായി തേക്കടി ബോട്ട് ലാൻഡിങ്ങിന്റെ പാർക്കിംഗ് വരെ പോകാമായിരുന്നു. പക്ഷെ ഇപ്പോൾ പ്രൈവറ്റ് വാഹനങ്ങൾ മെയിൻ ഗേറ്റ് വരെയേ അനുവദിക്കുകയുള്ളൂ. പക്ഷെ കെടിഡിസിയിൽ താമസം ബുക്ക് ചെയ്തവർക്ക് വാഹനം ഉള്ളിലേക്ക് കൊണ്ട് പോകാൻ അനുവാദം ലഭിക്കും. ബോട്ടിങ്ങിനു പോകാൻ ആഗ്രഹമുള്ളവർക്കു അവരുടെ വാഹനം തേക്കടി റോഡിലുള്ള പെരിയാർ ടൈഗർ റിസേർവിന്റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്ത് അവിടെ നിന്നും, പെരിയാർ ടൈഗർ റിസേർവിന്റെ തന്നെ ബസിൽ ബോട്ട് ലാൻഡിംഗ് ഏരിയയിലേക്ക് എത്താവുന്നതാണ്. കെടിഡിസി ലേക്ക് പാലസിലേക്ക് പോകുന്നവർക്ക് വേണ്ട ചെക്ക് ഇൻ കാര്യങ്ങൾ ബോട്ട് ലാൻഡിങ്ങിനു സമീപം ഉള്ള കെടിഡിസിയുടെ തന്നെ ആരണ്യ നിവാസിൽ ആണ് ചെയ്യേണ്ടത്, വാഹനവും അവിടെ പാർക്ക് ചെയ്യാം. അവിടെ നിന്നും ബോട്ടിൽ 15 മിനിറ്റ് യാത്ര ചെയ്താൽ നമ്മുടെ റിസോർട്ടിലേക്കെത്തും. ജീവിതത്തിൽ ഒരിക്കൽ എങ്കിലും പോയി താമസിക്കേണ്ട, അനുഭവിക്കേണ്ട ഒരു വികാരം തന്നെയാണ് കെടിഡിസി ലേക്ക് പാലസ്.

Location - Thekkady, Kumily, Kerala

Posted by : Anish Sabary


  • 0

  • Review(s)

  • Last Reviewed :

  • __

  • ___

  • ____

Read More
12
Jun

Kanthalloor - Marayoor

മറയൂർ - കാന്തല്ലൂർ

മൂന്നാർ എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല, നല്ലൊരു ശതമാനം മലയാളികൾ ഒരിക്കലെങ്കിലും പോയിട്ടുമുണ്ടാകും. ഞാനും പോയിട്ടുണ്ട്. ഒരുപാടു തവണ. ആദ്യമായി പോയത് എന്നാണ് എന്ന് ചോദിച്ചാൽ, അതിനൊരുത്തരം കണ്ട് പിടിക്കാൻ കഷ്ടപ്പെടും. കാരണം പെട്ടെന്നൊരു യാത്ര എന്ന് പറഞ്ഞാൽ ഞാനുൾപ്പെടെയുള്ള 90% ശതമാനം കോട്ടയംകാരുടെയും മനസ്സിലേക്കെത്തുന്ന ചില സ്ഥലങ്ങൾ ആണ് മൂന്നാറും, തേക്കടിയും, വാഗമണ്ണും ഒക്കെ. മൂന്നാറിന്റെ കാഴ്ചകൾ നേര്യമംഗലം പാലത്തിൽ നിന്നെ തുടങ്ങും. അത് അവസാനിക്കുന്നത് കിലോമീറ്ററുകൾ അകലെ പൂപ്പാറയിലും, വട്ടവടയിലും, ചിന്നാറിലും, ആനക്കുളത്തും ഒക്കെയായിട്ടാണ്. പക്ഷെ നമ്മളിൽ മിക്കവരും നേരെ മൂന്നാറിൽ പോയി, തിരക്കിനിടയിലൂടെ ടോപ് സ്റ്റേഷനിലേക്കെത്തി, കുറച്ചു വ്യൂ പോയിന്റുകളും കണ്ട്, രാജമലയിലെത്തി വരയാടിനെയും കണ്ട് വൈകിട്ടത്തേക്കു വീടെത്തിയാൽ തന്നെ സന്തുഷ്ടരാകും. ഞാനും അങ്ങനെ തന്നെയായിരുന്നു. കഴിഞ്ഞ മാസം ആണ് അതിനൊരു അപവാദമായത്. മൂന്നാറും കഴിഞ്ഞു കാന്തല്ലൂർക്കു പോയി സ്റ്റ്രോബെറി ഫാം കാണാൻ ഒരാഗ്രഹം.

മൂന്നാറിൽ നിന്നും ഏകദേശം 40km ഉണ്ട് കാന്തല്ലൂർക്ക്. അത് കൊണ്ട് ഒരു ദിവസം അവിടെ താമസിച്ച് കാഴ്ചകൾ കണ്ട് തിരിച്ചു പോരാം എന്ന് വിചാരിച്ച് ഒരു താമസ സൗകര്യവും തരപ്പെടുത്തി. ഡേവിസ് ഫാം ഹൗസിൽ. അങ്ങനെ ഒരു ശനിയാഴ്ച്ച രാവിലെ നമ്മൾ യാത്ര തിരിച്ചു. സാധാരണ നെടുംകുന്നത്ത് നിന്നും തൊടുപുഴ വഴി ഊന്നുകല്ലിൽ വന്നു അവിടെ നിന്നും ഹൈവേ കയറി അടിമാലി വഴിയാണ് പോകാറ്. ഇത്തവണ അതൊന്നു മാറ്റിപിടിച്ചു. രാവിലെ നെടുംകുന്നത്ത് നിന്നും ഇറങ്ങി, പോകുന്ന വഴിയിലെ സ്ഥിരം ശീലമായ പൊൻകുന്നം കോഫി ഹൗസിലെ മസാല ദോശയും, കാപ്പിയും ഒക്കെ കഴിച്ച് കുട്ടിക്കാനം ചെന്ന് ഏലപ്പാറ - കട്ടപ്പന വഴി ആണ് നമ്മുടെ ഇന്നത്തെ യാത്ര. കുട്ടിക്കാനം - ഏലപ്പാറ റൂട്ടിന്റെയും, ഗ്ലെന്മാരി റോഡിന്റെയും ഒക്കെ ഭംഗി ഒരിക്കൽ കൂടി ആസ്വദിച്ച് ഉച്ചയായപ്പോൾ ചിത്തിരപുരം എത്തി. അവിടെ അടുത്ത് പള്ളിവാസൽ ടീ ഫാക്ടറിക്ക് സമീപം ആണ് ആറ്റുകാട് വെള്ളച്ചാട്ടം. അതിന്റെ ഭംഗി ശെരിക്കും ആസ്വദിക്കണമെങ്കിൽ, നല്ല മഴയുള്ള സമയത്ത് വെള്ളച്ചാട്ടത്തിനു സമീപം ഉള്ള ആരണ്യക റിസോർട്ടിൽ ഒരു റൂം ബുക്ക് ചെയ്യണം. എന്നിട്ട് ആ ബാൽക്കണിയിലേക്ക് ഒരു കസേരയും വലിച്ചിട്ടിരുന്നാൽ സമയം പോകുന്നത് അറിയത്തേയില്ല. ബൈ ദ ബൈ, നമ്മൾ വിഷയത്തിൽ നിന്ന് മാറിപ്പോയി.

എന്തായാലും ഉച്ചയായതു കൊണ്ട് മൂന്നാറിൽ നിന്ന് തന്നെ ഭക്ഷണം ഒക്കെ കഴിച്ച് കാന്തല്ലൂർ റൂട്ട് പിടിച്ചു. ആദ്യമായിട്ടാണ് ഇരവികുളം നാഷണൽ പാർക്ക് പിന്നിട്ട് മുൻപോട്ടു പോകുന്നത്. നല്ല വഴിയാണ്, പുതിയ ടാറിങ്, ചിലയിടങ്ങളിൽ വഴിക്കു വീതി കുറവുണ്ട്. അത് കൊണ്ട് സൂക്ഷിച്ച് വാഹനം ഓടിക്കണം. ഈ വഴിയേ ഇത് വരെ വരാത്തതിൽ നഷ്ടബോധം തോന്നി. അത്രയ്ക്ക് മനോഹരങ്ങളായ കാഴ്ചകളാണ്, അതിൽ താഴ്വാരങ്ങളുണ്ട്, മനോഹരമായി വെട്ടിയൊതുക്കിയ തേയില തോട്ടങ്ങളുണ്ട്, മുകൾ വശം കോടയാൽ മൂടിയ മലകളും, അടിത്തട്ട് കോടയാൽ മൂടിയ കൊക്കയുമുണ്ട്. വീണ്ടും കുറച്ച് ദൂരം മുൻപോട്ടു പോയപ്പോൾ നിരയൊപ്പിച്ച് നീല നിറത്തിലുള്ള ഗുൽമോഹർ പൂക്കൾ. അവിടെ ഒന്ന് വാഹനം നിർത്താതെ ഒരാൾക്കും മുൻപോട്ട് പോകാനാകില്ല. കാഴ്ചകൾ ആസ്വദിച്ച് ലക്കം വെള്ളച്ചാട്ടത്തിൽ എത്തിയപ്പോഴേക്കും മഴയും തുടങ്ങി. അങ്ങനെ മഴയോട് കൂടിയാണ് ചന്ദനമരങ്ങൾ നിറഞ്ഞ മറയൂർ വനത്തിലേക്ക് കയറുന്നത്. ഈ ചന്ദനമരങ്ങളുടെ ഒരതിരിലാണ് നമ്മൾ ഇന്ന് താമസിക്കാൻ പോകുന്ന ഡേവിസ് ഫാം ഹൗസ്.

ഡേവിസ് എന്ന വ്യക്തിയുടെ യാത്രയോടും, യാത്രികരോടും ഉള്ള സമർപ്പണം തന്നെയാണ് പത്ത് ഏക്കറോളം വരുന്ന ഈ ഫാം ഹൗസ്. കാര്യമായ കൃഷി ഒന്നും ഇല്ല. കുറച്ച് തെങ്ങും, കവുങ്ങും ആണ് കൃഷി ആയിട്ടുള്ളത്. കൂടാതെ ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള കാര്യങ്ങളും, കാട്ടിൽ നിന്നും പൈപ്പ് വഴി എത്തിക്കുന്ന വെള്ളം ചാല് വെട്ടി വലിയൊരു ടാങ്കിലേക്ക് ആണ് എത്തിക്കുന്നത്. സ്വിമ്മിങ് പൂള് വേണമെന്നുള്ളവർക്ക് അതിൽ ഇറങ്ങാം. ഈ വെള്ളം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. വനത്തിന്റെ അതിരിൽ ആയതു കൊണ്ട് തന്നെ എപ്പോഴും മാനുകളെ കാണാനും സാധിക്കും, ഭാഗ്യമുണ്ടെങ്കിൽ കാട്ടുപോത്തിനേയും, മറ്റു മൃഗങ്ങളെയും അടുത്ത് കാണാം. ഫെൻസിങ് ഉള്ളത് കൊണ്ട് മറ്റൊന്നും പേടിക്കാനുമില്ല. ഏതായാലും നമ്മൾ പോയപ്പോൾ മാനിനെ അല്ലാതെ മറ്റൊന്നിനെയും കണ്ടില്ല. പിന്നെ ഇവിടെ നിന്നും 15km മാത്രമേ ചിന്നാറിലേക്കുള്ളൂ. നൈറ്റ് ജീപ്പ് സഫാരി താല്പര്യമുള്ളവർക്കാണെങ്കിൽ അതിനും ഇവിടെ സൗകര്യം ലഭിക്കും എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. രാത്രിയിലെ സഫാരി കേരളത്തിൽ വേറെ എവിടെയും ഉള്ളതായി എനിക്കറിയില്ല.

അങ്ങനെ അന്നവിടെ തങ്ങി പിറ്റേന്ന് കാന്തല്ലൂർക്ക് പോയി, സ്ട്രോബെറി തോട്ടം കാണാൻ. പോകുന്ന വഴിയിൽ പലയിടത്തും മറയൂർ ശർക്കര ഉണ്ടാക്കുന്നത് കാണാം. കുട്ടികൾക്കും, മുതിർന്നവർക്കും അതും നല്ലൊരു കാഴ്ചയാണ്. അവസാനം നമ്മൾ മല കയറി കാന്തല്ലൂരെത്തി. സ്ട്രോബെറി കാണാൻ നമ്മളെത്തിയത് കേരളത്തിലെ ഏറ്റവും വലിയ സ്ട്രോബെറി ഫാം ആയ ഉർവരയിലേക്കാണ്. സ്ട്രോബെറി കൂടാതെ ആപ്പിളും, ഓറഞ്ചും, പാഷൻ ഫ്രൂട്ടും ഒക്കെ കാന്തല്ലൂരിൽ കൃഷി ചെയ്യുന്നുണ്ട്. സീസൺ നോക്കി പോയാൽ അതൊക്കെ നമുക്കും കാണാം. തിരികെ വരുന്ന വഴി ആനക്കോട്ടപ്പാറയിൽ നിർത്തി മുനിയറയും കണ്ട് തിരികെ വീട്ടിലേക്ക്. സമയം ഉണ്ടെങ്കിൽ നിങ്ങൾക്ക് മറയൂരിലുള്ള ഇറച്ചിൽപാറ വെള്ളച്ചാട്ടവും, ഭ്രമരം വ്യൂ പോയിന്റും കൂടി കാണാവുന്നതാണ്. ഭക്ഷണം മറയൂരിൽ നിന്നും കഴിക്കുക. തിരികെ മൂന്നാർ എത്തുന്നത് വരെ നല്ല ഹോട്ടലുകൾ ഒന്നും ഞാൻ കണ്ടില്ല. നിങ്ങൾ കണ്ടാൽ ഞാൻ ഉത്തരവാദിയും അല്ല. അപ്പോ അടുത്ത യാത്ര വരേക്കും വണക്കം.

Posted by : Anish Sabary


  • 0

  • Review(s)

  • Last Reviewed :

  • __

  • ___

  • ____