12
Jun

Kanthalloor - Marayoor

മറയൂർ - കാന്തല്ലൂർ

മൂന്നാർ എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല, നല്ലൊരു ശതമാനം മലയാളികൾ ഒരിക്കലെങ്കിലും പോയിട്ടുമുണ്ടാകും. ഞാനും പോയിട്ടുണ്ട്. ഒരുപാടു തവണ. ആദ്യമായി പോയത് എന്നാണ് എന്ന് ചോദിച്ചാൽ, അതിനൊരുത്തരം കണ്ട് പിടിക്കാൻ കഷ്ടപ്പെടും. കാരണം പെട്ടെന്നൊരു യാത്ര എന്ന് പറഞ്ഞാൽ ഞാനുൾപ്പെടെയുള്ള 90% ശതമാനം കോട്ടയംകാരുടെയും മനസ്സിലേക്കെത്തുന്ന ചില സ്ഥലങ്ങൾ ആണ് മൂന്നാറും, തേക്കടിയും, വാഗമണ്ണും ഒക്കെ. മൂന്നാറിന്റെ കാഴ്ചകൾ നേര്യമംഗലം പാലത്തിൽ നിന്നെ തുടങ്ങും. അത് അവസാനിക്കുന്നത് കിലോമീറ്ററുകൾ അകലെ പൂപ്പാറയിലും, വട്ടവടയിലും, ചിന്നാറിലും, ആനക്കുളത്തും ഒക്കെയായിട്ടാണ്. പക്ഷെ നമ്മളിൽ മിക്കവരും നേരെ മൂന്നാറിൽ പോയി, തിരക്കിനിടയിലൂടെ ടോപ് സ്റ്റേഷനിലേക്കെത്തി, കുറച്ചു വ്യൂ പോയിന്റുകളും കണ്ട്, രാജമലയിലെത്തി വരയാടിനെയും കണ്ട് വൈകിട്ടത്തേക്കു വീടെത്തിയാൽ തന്നെ സന്തുഷ്ടരാകും. ഞാനും അങ്ങനെ തന്നെയായിരുന്നു. കഴിഞ്ഞ മാസം ആണ് അതിനൊരു അപവാദമായത്. മൂന്നാറും കഴിഞ്ഞു കാന്തല്ലൂർക്കു പോയി സ്റ്റ്രോബെറി ഫാം കാണാൻ ഒരാഗ്രഹം.

മൂന്നാറിൽ നിന്നും ഏകദേശം 40km ഉണ്ട് കാന്തല്ലൂർക്ക്. അത് കൊണ്ട് ഒരു ദിവസം അവിടെ താമസിച്ച് കാഴ്ചകൾ കണ്ട് തിരിച്ചു പോരാം എന്ന് വിചാരിച്ച് ഒരു താമസ സൗകര്യവും തരപ്പെടുത്തി. ഡേവിസ് ഫാം ഹൗസിൽ. അങ്ങനെ ഒരു ശനിയാഴ്ച്ച രാവിലെ നമ്മൾ യാത്ര തിരിച്ചു. സാധാരണ നെടുംകുന്നത്ത് നിന്നും തൊടുപുഴ വഴി ഊന്നുകല്ലിൽ വന്നു അവിടെ നിന്നും ഹൈവേ കയറി അടിമാലി വഴിയാണ് പോകാറ്. ഇത്തവണ അതൊന്നു മാറ്റിപിടിച്ചു. രാവിലെ നെടുംകുന്നത്ത് നിന്നും ഇറങ്ങി, പോകുന്ന വഴിയിലെ സ്ഥിരം ശീലമായ പൊൻകുന്നം കോഫി ഹൗസിലെ മസാല ദോശയും, കാപ്പിയും ഒക്കെ കഴിച്ച് കുട്ടിക്കാനം ചെന്ന് ഏലപ്പാറ - കട്ടപ്പന വഴി ആണ് നമ്മുടെ ഇന്നത്തെ യാത്ര. കുട്ടിക്കാനം - ഏലപ്പാറ റൂട്ടിന്റെയും, ഗ്ലെന്മാരി റോഡിന്റെയും ഒക്കെ ഭംഗി ഒരിക്കൽ കൂടി ആസ്വദിച്ച് ഉച്ചയായപ്പോൾ ചിത്തിരപുരം എത്തി. അവിടെ അടുത്ത് പള്ളിവാസൽ ടീ ഫാക്ടറിക്ക് സമീപം ആണ് ആറ്റുകാട് വെള്ളച്ചാട്ടം. അതിന്റെ ഭംഗി ശെരിക്കും ആസ്വദിക്കണമെങ്കിൽ, നല്ല മഴയുള്ള സമയത്ത് വെള്ളച്ചാട്ടത്തിനു സമീപം ഉള്ള ആരണ്യക റിസോർട്ടിൽ ഒരു റൂം ബുക്ക് ചെയ്യണം. എന്നിട്ട് ആ ബാൽക്കണിയിലേക്ക് ഒരു കസേരയും വലിച്ചിട്ടിരുന്നാൽ സമയം പോകുന്നത് അറിയത്തേയില്ല. ബൈ ദ ബൈ, നമ്മൾ വിഷയത്തിൽ നിന്ന് മാറിപ്പോയി.

എന്തായാലും ഉച്ചയായതു കൊണ്ട് മൂന്നാറിൽ നിന്ന് തന്നെ ഭക്ഷണം ഒക്കെ കഴിച്ച് കാന്തല്ലൂർ റൂട്ട് പിടിച്ചു. ആദ്യമായിട്ടാണ് ഇരവികുളം നാഷണൽ പാർക്ക് പിന്നിട്ട് മുൻപോട്ടു പോകുന്നത്. നല്ല വഴിയാണ്, പുതിയ ടാറിങ്, ചിലയിടങ്ങളിൽ വഴിക്കു വീതി കുറവുണ്ട്. അത് കൊണ്ട് സൂക്ഷിച്ച് വാഹനം ഓടിക്കണം. ഈ വഴിയേ ഇത് വരെ വരാത്തതിൽ നഷ്ടബോധം തോന്നി. അത്രയ്ക്ക് മനോഹരങ്ങളായ കാഴ്ചകളാണ്, അതിൽ താഴ്വാരങ്ങളുണ്ട്, മനോഹരമായി വെട്ടിയൊതുക്കിയ തേയില തോട്ടങ്ങളുണ്ട്, മുകൾ വശം കോടയാൽ മൂടിയ മലകളും, അടിത്തട്ട് കോടയാൽ മൂടിയ കൊക്കയുമുണ്ട്. വീണ്ടും കുറച്ച് ദൂരം മുൻപോട്ടു പോയപ്പോൾ നിരയൊപ്പിച്ച് നീല നിറത്തിലുള്ള ഗുൽമോഹർ പൂക്കൾ. അവിടെ ഒന്ന് വാഹനം നിർത്താതെ ഒരാൾക്കും മുൻപോട്ട് പോകാനാകില്ല. കാഴ്ചകൾ ആസ്വദിച്ച് ലക്കം വെള്ളച്ചാട്ടത്തിൽ എത്തിയപ്പോഴേക്കും മഴയും തുടങ്ങി. അങ്ങനെ മഴയോട് കൂടിയാണ് ചന്ദനമരങ്ങൾ നിറഞ്ഞ മറയൂർ വനത്തിലേക്ക് കയറുന്നത്. ഈ ചന്ദനമരങ്ങളുടെ ഒരതിരിലാണ് നമ്മൾ ഇന്ന് താമസിക്കാൻ പോകുന്ന ഡേവിസ് ഫാം ഹൗസ്.

ഡേവിസ് എന്ന വ്യക്തിയുടെ യാത്രയോടും, യാത്രികരോടും ഉള്ള സമർപ്പണം തന്നെയാണ് പത്ത് ഏക്കറോളം വരുന്ന ഈ ഫാം ഹൗസ്. കാര്യമായ കൃഷി ഒന്നും ഇല്ല. കുറച്ച് തെങ്ങും, കവുങ്ങും ആണ് കൃഷി ആയിട്ടുള്ളത്. കൂടാതെ ഇവിടെ കുട്ടികൾക്ക് കളിക്കാനുള്ള കാര്യങ്ങളും, കാട്ടിൽ നിന്നും പൈപ്പ് വഴി എത്തിക്കുന്ന വെള്ളം ചാല് വെട്ടി വലിയൊരു ടാങ്കിലേക്ക് ആണ് എത്തിക്കുന്നത്. സ്വിമ്മിങ് പൂള് വേണമെന്നുള്ളവർക്ക് അതിൽ ഇറങ്ങാം. ഈ വെള്ളം കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം. വനത്തിന്റെ അതിരിൽ ആയതു കൊണ്ട് തന്നെ എപ്പോഴും മാനുകളെ കാണാനും സാധിക്കും, ഭാഗ്യമുണ്ടെങ്കിൽ കാട്ടുപോത്തിനേയും, മറ്റു മൃഗങ്ങളെയും അടുത്ത് കാണാം. ഫെൻസിങ് ഉള്ളത് കൊണ്ട് മറ്റൊന്നും പേടിക്കാനുമില്ല. ഏതായാലും നമ്മൾ പോയപ്പോൾ മാനിനെ അല്ലാതെ മറ്റൊന്നിനെയും കണ്ടില്ല. പിന്നെ ഇവിടെ നിന്നും 15km മാത്രമേ ചിന്നാറിലേക്കുള്ളൂ. നൈറ്റ് ജീപ്പ് സഫാരി താല്പര്യമുള്ളവർക്കാണെങ്കിൽ അതിനും ഇവിടെ സൗകര്യം ലഭിക്കും എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. രാത്രിയിലെ സഫാരി കേരളത്തിൽ വേറെ എവിടെയും ഉള്ളതായി എനിക്കറിയില്ല.

അങ്ങനെ അന്നവിടെ തങ്ങി പിറ്റേന്ന് കാന്തല്ലൂർക്ക് പോയി, സ്ട്രോബെറി തോട്ടം കാണാൻ. പോകുന്ന വഴിയിൽ പലയിടത്തും മറയൂർ ശർക്കര ഉണ്ടാക്കുന്നത് കാണാം. കുട്ടികൾക്കും, മുതിർന്നവർക്കും അതും നല്ലൊരു കാഴ്ചയാണ്. അവസാനം നമ്മൾ മല കയറി കാന്തല്ലൂരെത്തി. സ്ട്രോബെറി കാണാൻ നമ്മളെത്തിയത് കേരളത്തിലെ ഏറ്റവും വലിയ സ്ട്രോബെറി ഫാം ആയ ഉർവരയിലേക്കാണ്. സ്ട്രോബെറി കൂടാതെ ആപ്പിളും, ഓറഞ്ചും, പാഷൻ ഫ്രൂട്ടും ഒക്കെ കാന്തല്ലൂരിൽ കൃഷി ചെയ്യുന്നുണ്ട്. സീസൺ നോക്കി പോയാൽ അതൊക്കെ നമുക്കും കാണാം. തിരികെ വരുന്ന വഴി ആനക്കോട്ടപ്പാറയിൽ നിർത്തി മുനിയറയും കണ്ട് തിരികെ വീട്ടിലേക്ക്. സമയം ഉണ്ടെങ്കിൽ നിങ്ങൾക്ക് മറയൂരിലുള്ള ഇറച്ചിൽപാറ വെള്ളച്ചാട്ടവും, ഭ്രമരം വ്യൂ പോയിന്റും കൂടി കാണാവുന്നതാണ്. ഭക്ഷണം മറയൂരിൽ നിന്നും കഴിക്കുക. തിരികെ മൂന്നാർ എത്തുന്നത് വരെ നല്ല ഹോട്ടലുകൾ ഒന്നും ഞാൻ കണ്ടില്ല. നിങ്ങൾ കണ്ടാൽ ഞാൻ ഉത്തരവാദിയും അല്ല. അപ്പോ അടുത്ത യാത്ര വരേക്കും വണക്കം.

Posted by : Anish Sabary



  • Total Reviews -

  • 0

  • Last Reviewed :

  • 01

  • Jan

  • 1970

Login to Write Review.!...
Login to Write Review.!...